രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ പുറത്തു നിന്നെത്തിയ ഒരു സംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം അധ്യാപകന്‍ ഷിനോ.പി. ജോസിനെ കൈയ്യേറ്റം ചെയ്യുകയും വനിതകള്‍ അടക്കമുള്ള അധ്യാപകരെ രാത്രി എട്ടുവരെ തടഞ്ഞു വെക്കുകയും ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവങ്ങളുടെ തുടക്കം. രണ്ടു വനിതാ അധ്യാപകരടക്കമുള്ള സ്റ്റാഫ് കൗസില്‍ അംഗങ്ങളെയാണ് സി.ഐ.അടക്കമുള്ള പോലീസിന്റെ സാന്നിധ്യത്തില്‍ എസ്.എഫ്.ഐക്കാര്‍ തടഞ്ഞു വെച്ചത്. കോളേജിലെ ഏതാനും വിദ്യാര്‍ഥികളും പുറത്തു നിന്നെത്തിയവരും ഉള്‍പ്പെട്ട സംഘമാണ് കോളേജ് ഓഫീസിനു മുന്നില്‍ ഉപരോധം തീര്‍ത്തത്. നിയമ വിരുദ്ധമായി കോളേജ് ഓഫീസിനു മുന്നില്‍ ഉപരോധം തീര്‍ത്ത സമരക്കാരെ അറസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ച പോലീസ് ഒടുവില്‍ രാത്രി എട്ടോടെ അവരെ നീക്കം ചെയ്യുകയായിരുന്നു. കലാലയ രാഷ്ട്രീയ നിരോധനം നിലനില്‍ക്കുന്ന ഇവിടെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1.45 ന് പുറത്തു നിന്നെത്തിയ രണ്ടു എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ അനുവാദം കൂടാതെ കോളേജ് ഓഫീസ് ഉപരോധിച്ചു. നിയമ വിരുദ്ധമായി ഉപരോധത്തില്‍ പങ്കെടുത്ത 12 പേരെ സസ്‌പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശ പ്രകാരം കോളേജ് അച്ചടക്ക സമിതി അംഗമായ ഷിനോ.പി. ജോസ് ഉപരോധം നടന്നുവെന്നതിന്റെ തെളിവിന് പ്രന്‍സിപ്പലിന്റെയും വൈസ ്പ്രിന്‍സിപ്പലിന്റെയും കോളേജ് അച്ചടക്ക സമിതി ചെയര്‍മാന്റെയും സാന്നിധ്യത്തില്‍ സമരത്തില്‍ പങ്കെടുക്കുവരുടെ ഫോേട്ടാ എടുത്തിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. തികച്ചും നിയമപരമായി ചെയ്ത പ്രവൃത്തി വളച്ചൊടിച്ച് ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ന് പുറത്തു നിന്നും സംഘടിച്ചെത്തിയ ഒരു സംഘം ഇദ്ദേഹത്തെ അവഹേളിക്കുകയും കൈയ്യേറ്റം ചെയ്യുകയുമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കണമെന്നും സമരക്കാര്‍ ആവിശ്യപ്പെട്ടു. സംഭവത്തില്‍ സെന്റ് പയസ് ടെന്‍ത് കോളേജിലെ അധ്യാപക സമൂഹം നടുക്കവും ആശങ്കയും രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ആവിശ്യപ്പെട്ടു. സമരക്കാര്‍ പുറത്തുനിന്നെത്തിയവരാണെന്ന് അറിയാമായിരുന്നിട്ടും അവരെ അറസ്റ്റ് ചെയ്യാനോ അധ്യാപകരെ മോചിപ്പിക്കാനോ തയ്യാറാകാതിരുന്ന പോലീസിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *