2014 മെയ് മാസം രാജപുരം ഏറെ സ്നേഹിച്ച പ്രാലേൽ തോമസച്ഛൻ സ്ഥലം മാറി പോയപ്പോൾ അഭിവന്ദ്യ പിതാവ് ബഹുമാനപ്പെട്ട ഷാജിയച്ചനെ രാജപുരം ഫൊറോന വികാരിയായി നിയമിച്ചു. രാജപുരം ഇടവകകാർക്ക് പുതിയ ഒരു അച്ഛനാണ് പള്ളിയിലേക്ക് വരുന്നത് എന്ന തോന്നൽ അന്ന് ഉണ്ടായിട്ടില്ല. കാരണം 13 വർഷമായി അച്ഛൻ ഈ മേഖലയിലെ ഏവർക്കും സുപരിചിതനായിരുന്നു. ഇന്നത്തെ മാലക്കല്ല് ടൗണിൻ്റെ മുഖo മിനുക്കുന്നതിൽ വളരെയധികം പങ്ക് വഹിച്ച അച്ഛൻ രാജപുരത്ത് എന്ത് അദ്ഭുതം കാണിക്കും എന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ഏവരും.

പ്രാലേലച്ചൻ തുടങ്ങിവെച്ച സെമിത്തേരി നിർമാണം പൂർത്തിയാക്കുകയാണ് അച്ഛൻ ആദ്യം ചെയ്തത്. അതൊടൊപ്പം കാടുപിടിച്ച് കിടന്ന പഴയ സെമിത്തേരി വൃത്തിയാക്കി രാജപുരത്തിൻ്റെ മണ്മറഞ്ഞ കാരണവന്മാർക് ഉചിതമായ അന്ത്യവിശ്രമസ്ഥലം അദ്ദേഹമൊരുക്കി. തുടർന്ന് ദേവാലയത്തിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട് മനസിലാക്കിയ അദ്ദേഹം ദേവാലയത്തിലേക്ക് കടന്ന് വരാനുള്ള വഴി മാറ്റി ക്രമീകരിക്കുക്കയും ഉള്ളസ്ഥലത്ത് കൃത്യമായ പാർക്കിങ്ങ് സൗകര്യം ഒരുക്കുകയും ചെയ്തു. തുടർന്നങ്ങോട്ട് വികസനത്തിൻ്റെ പെരുമഴയാണ് രാജപുരം കണ്ടത്. പള്ളിമുറിയുടെ പരിസരവും ദേവാലയത്തിൻ്റെ നടകളും മുൻവശവും ഇൻ്റർലോക്ക് ടൈലുകൾ ഉപയോഗിച്ച് വൃത്തിയാക്കി, അതൊടൊപ്പം പാലങ്കല്ല് അയ്യങ്കാവ് മുതലായ സ്റ്റേഷൻപള്ളികളും മനോഹരമായി മാറ്റിയെടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. പള്ളിയുടെ പരിസരത്തൊടൊപ്പം താനും തൻ്റെ ഇടയജനവും പ്രാർത്ഥിക്കുന്ന ദേവാലയത്തിൻ്റെ ഉൾവശവും മനോഹരമാക്കി മാറ്റിയെടുക്കാൻ അദ്ദേഹം ശ്രമിച്ചു. രാജപുരം ടൗണിൽ തലയെടുപ്പോടെ നിൽക്കുന്ന കുടിയേറ്റ ജൂബിലി സ്മാരക കെട്ടിടത്തിന് പിന്നിലെ ശിൽപിയും അച്ഛനാണ്.

രാജപുരം സ്കൂളിൽ അതിൻ്റെ അടിസ്ഥാന മേഖലയിൽ നിന്ന് തന്നെ അദ്ദേഹം വികസനം ആരംഭിച്ചു. കൃത്യമായ വേസ്റ്റ് ഡീകപ്പോസ്റ്റ് സിസ്റ്റം, രാജപുരം നാടിനും സ്കൂളിനും ഉപകാരപ്രദമായ ഇൻഡോർ സ്റ്റേഡിയം, പ്ലസ്ടു കെട്ടിടത്തിനു മുകളിലെ സെമിനാർ ഹാൾ, സ്കൂൾ മുറ്റം ഇതെല്ലാം അദ്ദേഹത്തിൻ്റെ സംഭാവനയാണ്. ഉപജില്ല കായിക മേള രാജപുരത്ത് വെച്ച് നടന്നപ്പോൾ അച്ഛൻ അത് നാടിൻ്റെ ഉത്സവമാക്കി മാറ്റി. മാതാവിനോടുള്ള പ്രത്യേക വണക്കത്തിൻ്റെ ഭാഗമായി രാജപുരം ടൗണിൽ മാതാവിൻ്റെ ഗ്രോട്ടോയും സ്ഥാപിച്ചു.
സ്വന്തമായ പാരിഷ് ഹാൾ എന്ന രാജപുരം നിവാസികളുടെ ആഗ്രഹവും ഇന്ന് പൂർത്തിയായത് ഷാജിയച്ഛനിലൂടെയാണ്.

ഇടവകയുടെ ഭൗതിക വളർച്ചയെക്കാൾ ഉപരി ആദ്ധ്യത്മീക വളർച്ചയ്ക്ക് അച്ഛൻ എന്നും ഉയർന്ന പരിഗണന നൽകിയിരുന്നു. കുട്ടികളേയും മുതിർന്നവരേയും വിശുദ്ധ ബലിയോട് ചേർത്ത് നിർത്താൻ അച്ഛൻ ശ്രദ്ധാലുവാണ്. ഇടവകയിൽ അച്ഛൻ്റെ നേതൃത്വത്തിൽ മൂന്നോളം നവീകരണ ധ്യാനങ്ങൾ ഈ ചുരുങ്ങിയ സമയത്തിനുളളിൽ നടന്നു കഴിഞു. പരിശുദ്ധ കുർബാനയോടുള്ള ഭക്തിയും വണക്കവുമാണ് ഓരോ ക്രൈസ്തവ വിശ്വാസിയുടേയും ജീവിതത്തിന് ആധാരം എന്ന് അച്ഛൻ എപ്പോഴും നമ്മെ ഓർമിപ്പിക്കുന്നു. കഴിഞ്ഞ രാജപുരം ബൈബിൾ കൺവൻഷന് പിന്നിൽ അച്ഛൻ്റെ സംഘാടന മികവ് ദൃശ്യമായിരുന്നു . രാജപുരം ഗ്രൗണ്ട് കൂടുതൽ വികസിപ്പിച്ച് അച്ഛൻ ധ്യാനത്തിന് വേണ്ട ഭൗതീക ക്രമീകരണങ്ങൾ ചെയ്തു. അടുത്ത രാജപുരം കൺവൻഷൻ വിജയിപ്പിക്കുന്നതിനുള്ള തിരക്കിലാണ് അച്ഛനിപ്പോൾ. ക്‌നാനായ കുടിയേറ്റ പ്ലറ്റിനം ജൂബിലിയുടെ ഉദ്ഘാടനത്തിനും കോട്ടയം ക്രിസ്തുരാജ കത്തിഡ്രലിനുപുറമെ കരുണയുടെ കവാടം തുറക്കുന്നതിനുമായി രാജപുരത്തെ തിരഞ്ഞെടുത്തത് അച്ഛനിലൂടെ ഇടവകയ്ക്ക് ലഭിച്ച അനുഗ്രഹങ്ങളാണ്. കരുണയുടെ കവാടത്തിൻ്റെ പ്രസക്തിയേക്കുറിച്ച് അച്ഛൻ നമുക്ക് വിശദീകരിച്ച്തരുകയും അതൊടൊപ്പം ഈ നാട്ടിലെ കൊച്ച് കുട്ടികൾ മുതൽ കിടപ്പ് രോഗികളെവരെ കരുണയുടെ കവാടത്തിലൂടെ പ്രവേശിപ്പിക്കാൻ ശ്രദ്ധകാണിക്കുകയും ചെയ്തു.

K.C.C, K.C.W.A, K.C.Y.L തുടങ്ങിയ സമുദായ സംഘടനകളുടേയും Vincent De Paul, prayer group ,Mission league, Jesus youth, തിരുബാലസഖ്യം തുടങ്ങിയ ഭക്തസംഘടനകളുടേയും പ്രവർത്തനങ്ങളിൽ അച്ഛൻ്റെ കൃത്യമായ ഇടപെടൽ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ രാജപുരം ഫൊറോനയിൽ നടക്കുന്ന എല്ലാ മത്സരങ്ങളിലും രാജപുരം ഒന്നാമതെത്തുമ്പോൾ നമുക്കും അതിൽ അഭിമാനിക്കാം.

രാജപുരം കെ.സി.വൈ.എൽന് അച്ഛൻ നൽകിയ പിന്തുണ സമാനതകളില്ലാത്തതാണ്. ഷാജിയച്ഛൻ അവസാനം വരെയും കൂടെയുണ്ടാകും എന്ന ഉറപ്പ് മാത്രമാണ് വിപ്ളവകരമായ പല തീരുമാനങ്ങളും എടുക്കാൻ ഞങ്ങൾക്ക് പിന്നിലെ ധൈര്യം. സാധാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയ ഞങ്ങൾക്ക് കൃത്യമായ ദിശാബോധം നൽകിയതും ഊർജസ്വലരാക്കിയതും അച്ഛനാണ്. യൂണിറ്റ് ഫണ്ട് നാമമാത്രമാണെങ്കിലും യൂണിറ്റിൻ്റെ നേതൃത്വത്തിൽ 900000 രൂപയോളമാണ് കഴിഞ്ഞ 2.5 വർഷങ്ങളിൽ പ്രവർത്തനങ്ങൾക്കായി യൂണിറ്റ് ചിലവഴിച്ചത്. പൂടംങ്കല്ല് – മുണ്ടോട്ട് റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ രാജപുരം കെ.സി.വൈ.എൽ സമരം പ്രഖ്യാപിച്ചപ്പോളും അതിൻ്റെ മുന്നണി പോരാളിയായി മുന്നിൽ നിന്നത് അച്ഛനാണ്. സമരം കഴിഞ്ഞ് എല്ലാവരും പലവഴിക്ക് പിരിഞ്ഞപ്പോഴും ബന്ധപ്പെട്ട അധികാരികളിൽ സമ്മർദം ചെലുത്തി കാര്യം സാധിച്ചെടുത്തത് അച്ചൻ്റെ മികവാണ്. കെ.സി.വൈ.എൽൻ്റെ നേതൃത്വത്തിൽ ഭവന നിർമാണത്തിന് ആക്രി സാധനങ്ങൾ പെറുക്കാൻ പോയപ്പോൾ അച്ഛനും വാഹനവുമായി കൂടെ വന്നു. കെ.സി.വൈ.എൽൻ്റെ ഈ പദ്ധതിയിൽ നിന്നും ഊർജം ഉൾക്കൊണ്ട ഇടവകജനം രണ്ടാമതൊരു ഭവനം കൂടെ നിർമിക്കാൻ മാതൃകകാട്ടി മുന്നോട്ട് വന്നു. വിദേശ രാജ്യങ്ങളിലുള്ള യുവജനങ്ങളുമായിവരെ അദ്ദേഹം അടുത്ത ബന്ധം പുലർത്തുന്നു.

സ്വന്തം വീടിനേയും നാടിനേയുംകാൾ അച്ഛന് സ്നേഹിക്കുന്നത് രാജപുരം പ്രദേശത്തേയും ഈ നാട്ടിലെ ജനങ്ങളേയുമാണ്, കാരണം അച്ഛൻ കഴിഞ്ഞ 16 വർഷമായി ഈ നാടിൻ്റെ സ്വന്തമാണ്.
ഇടവകയേ സ്നേഹിക്കുന്ന ഇടയനും ഇടയനുവേണ്ട പിന്തുണ കൊടുക്കുന്ന അജഗണങ്ങളുമുള്ളപ്പോൾ ഒരു കാര്യം ഞങ്ങൾക്ക് ഉറപ്പുണ്ട്.. രാജപുരത്തിൻ്റെ അദ്ധ്യാത്മീക ഭൗതീക വികസനത്തിൻ്റെ അവസാനമല്ല, ആരംഭം മാത്രമാണിത്

Leave a Reply

Your email address will not be published. Required fields are marked *